08:36pm 09 October 2026
NEWS
സംസ്ഥാനത്ത് മഴ കനക്കുന്നു; വ്യാപക നാശനഷ്ടം; 10 ജില്ലകളിൽ ജാ​ഗ്രതാ നിർദ്ദേശം
09/10/2026  07:03 PM IST
nila
സംസ്ഥാനത്ത് മഴ കനക്കുന്നു;  വ്യാപക നാശനഷ്ടം; 10 ജില്ലകളിൽ ജാ​ഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. മധ്യ, തെക്കൻ കേരളത്തിൽ വ്യാപകമായും വടക്കൻ കേരളത്തിലെ മലയോര മേഖലകളിലും മഴ ശക്തമായി. അടുത്ത മൂന്ന് മണിക്കൂറിൽ പത്ത് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മഴ ശക്തമായതോടെ ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി തിരുവനന്തപുരത്തെ നെയ്യാർ, അരുവിക്കര അണക്കെട്ടുകളുടെ ഷട്ടറുകളും ഉയർത്തി.

നെയ്യാർ അണക്കെട്ടിന്റെ നാല് ഷട്ടറുകളും 20 സെന്റിമീറ്റർ വീതമാണ് ഉയർത്തിയത്. അരുവിക്കര അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകൾ 10 സെന്റിമീറ്റർ കൂടി ഉയർത്തി. മഴ തുടരുന്ന സാഹചര്യത്തിൽ ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

പത്ത് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കാസർകോട് ജില്ലകളിലാണ് അടുത്ത മൂന്ന് മണിക്കൂറിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മറ്റ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴയും ശക്തമായ കാറ്റും നാശനഷ്ടങ്ങൾക്കിടയാക്കി. എറണാകുളം അങ്കമാലി കറുകുറ്റിയിൽ ഡിവൈഎഫ്ഐയുടെ ഓണനിലാവ് പരിപാടിക്കായി ഒരുക്കിയിരുന്ന താൽക്കാലിക പന്തൽ തകർന്നു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.

ആലുവയിലെ വിവിധ റോഡുകളിൽ കനത്ത മഴയെ തുടർന്ന് വെള്ളക്കെട്ട് രൂപപ്പെട്ടു. കൊല്ലം നിലമേലിൽ എംസി റോഡിൽ വെള്ളം കയറിയതോടെ ഗതാഗതം തടസ്സപ്പെട്ടു. പത്തനംതിട്ടയിലെ മലയാലപ്പുഴയിൽ ശക്തമായ കാറ്റിൽ മരം റോഡിന് കുറുകെ വീണു.

കണ്ണൂർ പറശ്ശിനിക്കടവിൽ ഇടിമിന്നലിൽ വീടുകൾക്കും വീട്ടുപകരണങ്ങൾക്കും നാശനഷ്ടമുണ്ടായി. രണ്ട് വീടുകളുടെ ചുമരുകളിൽ വിള്ളൽ വീണു. വീടുകളിലെ വയറിങ്ങും ഫ്രിഡ്ജ് ഉൾപ്പെടെയുള്ള ഗൃഹോപകരണങ്ങളും കത്തിനശിച്ചു.

മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img